ആ പാട്ടിലെ വാവേ എന്ന് വിളിക്കുന്നത് അവളെയാണെന്നാണ് അവൾ കരുതിയിരുന്നത് ; പിന്നീടൊരിക്കലും ഞാൻ ആ പാട്ട് പാടിയിട്ടില്ല – കണ്ണുനിറഞ്ഞു ചിത്ര

കൂടുതൽ ആമുഖമോ, വിശേഷണങ്ങളോ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ‘കെ . എസ് ചിത്ര’. ചിത്രയുടെ സംഗീതം പോലെ തന്നെയാണ് അവരുടെ പെരുമാറ്റ രീതികളും, ഇടപെടലുകളും. സൗമ്യമായി സംസാരിക്കുകയും, നിഷ്കളങ്കമായി ചിരിക്കുകയും ചെയ്യുന്ന ചിത്രയെ ഗാനലോകത്തെ ‘വാനമ്പാടി’ എന്ന് വിശേഷിപ്പിക്കുമ്പോൾ ഇന്ന് കാണുന്ന അംഗീകാരങ്ങളിലേയ്ക്കും, പ്രശസ്തിയിലേയ്ക്കും നടന്ന് നീങ്ങാൻ അവർ നടത്തിയ ശ്രമങ്ങളും ഏറെ വിലമതിക്കുന്നതാണ്. അതുകൊണ്ടായിരിക്കണം മലയാളികൾക്ക് കെ. എസ് ചിത്ര എന്ന് പറയുമ്പോൾ അത് തങ്ങളുടെ സ്വകാര്യ അഹങ്കാരമെന്ന് അവകാശപ്പെടാൻ കഴിയുന്നതും. സംഗീതത്തിൻ്റെ വഴിയിൽ വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന കെ. എസ് ചിത്രയുടെ ഇന്നലെകളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം നടത്താം.

അധ്യാപകനും, സംഗീതജ്ഞനുമായ കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകളായി 1963 ജൂലൈ – 27 ന് തിരുവനന്തപുരത്തായിരുന്നു ജനനം. അധ്യാപകനും, സംഗീതജ്ഞനുമായ അച്ഛനിൽ നിന്നാണ് ചിത്രയ്ക്ക് പാട്ടുകളോട് കമ്പം തോന്നി തുടങ്ങിയത്. സംഗീതത്തിൽ തനിയ്ക്ക് അഭിരുചിയുണ്ടെന്ന് രണ്ട് വിദഗ്ധ വ്യക്തികൾ കണ്ടെത്തിയ രസകരമായ സംഭവത്തെക്കുറിച്ച് ചിത്ര പറയുന്നത് ഇങ്ങനെയാണ്. നാട്ടിലെ ഉത്സവം കൂടി മടങ്ങുന്നതിന് ഇടയ്ക്ക് രണ്ട് പ്രമുഖർ അപ്രതീക്ഷിതമായി തങ്ങളുടെ വീട്ടിലേയ്ക്ക് അതിഥികളായെത്തി. ‘എം.ജി. രാധാകൃഷ്ണനും, പ്രൊഫ. ഡോ. ഓമനക്കുട്ടിടീച്ചറും’. അച്ഛനുമായുള്ള സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ തൊട്ടിലിൽ കിടക്കുന്ന രണ്ട് വയസുകാരിയിലേയ്ക്ക് അവരുടെ ശ്രദ്ധ പതിച്ചു. തൊട്ടിലിൽ കിടന്ന് അവൾ പാടുകയാണ്. വെറുതെ ഒരു മൂളിപ്പാട്ടായിരുന്നില്ല അത്. ‘പ്രിയതമാ’ എന്ന ഗാനം ആ പ്രായത്തിൽ താളബോധത്തോട് കൂടെ അവൾ പാടുന്നത് കേട്ട് അതിഥികൾ ആശ്ചര്യപ്പെട്ടു എന്നാണ് കഥ. പിന്നീട് അൽപ്പം കൂട്ടലുകളും, കുറയ്ക്കലുകളുമായി കുടുംബത്തിലൊന്നാകെ ആ കഥകൾ പ്രചരിച്ചത്രേ… കാലം മായ്ക്കാത്ത ആ രസകരമായ ഓർമയ്ക്ക് മുൻപിൽ ചിത്ര കുടു കുടാ ചിരിക്കുകയായിരുന്നു.

കരമന പള്ളിത്താനം ക്ഷേത്രത്തിലെ പ്രഭാതകീര്‍ത്തനം കേട്ടുകൊണ്ടാണ് ചിത്രയുടെ ജീവിതത്തിലെ ഓരോദിവസവും ആരംഭിക്കുന്നത്. സംഗീതത്തിനൊപ്പം ജീവിച്ച അച്ഛന്‍, വീണവായയെ ഏറെ സ്നേഹിച്ച അധ്യാപികയായ അമ്മ, പാട്ട് പഠിക്കുകയും പാടുകയും ചെയ്യുന്ന സഹോദരി… വാദ്യോപകരണങ്ങളില്‍ വിരലോടിച്ച് ആനന്ദം കണ്ടെത്തിയ സഹോദരന്‍…. കുട്ടിക്കാലത്ത് സംഗീത ശീലുകളാൽ നിറഞ്ഞിരുന്ന വീട്. വീട്ടിലെ ചിട്ടകളാണ് തന്നെയൊരു ഗായികയാക്കി മാറ്റിയെതെന്ന് ചിത്ര മുൻപ് സൂചിപ്പിച്ചിരുന്നു. സന്ധ്യാസമയത്ത് വിളക്ക് വെച്ച് നാമംജപിക്കുന്നതും, പഠിച്ച കീര്‍ത്തനങ്ങള്‍ തെറ്റ് വരുത്താതെ സ്ഫുടതയോട് കൂടെ പാടിക്കേള്‍പ്പിക്കുന്നതുമെല്ലാം ജീവിതത്തിൻ്റെ ഭാഗമായിരുന്നു.

ചെന്നൈയിലെ സാലിഗ്രാമത്തിലെ കെ.എസ്. ചിത്രയുടെ വസതിയിലെ സ്വീകരണമുറിയിലേയ്ക്ക് കടക്കുമ്പോൾ പുരസ്‌കാരങ്ങളുടെയും, അംഗീകാരമികവിൻ്റെയും വലിയൊരു നിര തന്നെയാണ് അതിഥികളെ വരവേല്‍ക്കുന്നത്. ആറ് ദേശീയപുരസ്‌കാരങ്ങളും, പതിനാറ് കേരളചലച്ചിത്ര അവാര്‍ഡുകളും, വലുതും ചെറുതുമായ മറ്റ് നിരവധി പുരസ്‌കാരങ്ങൾ, പദ്മശ്രീ ബഹുമതി കൂട്ടത്തില്‍ അൽപ്പം അഹങ്കാരത്തോടെ ആ സ്വീകരണ മുറിയിലുണ്ട്. സംഗീത വഴിയിൽ വന്നുചേര്‍ന്ന കൗതുകവസ്തുക്കളും പ്രിയപ്പെട്ടവര്‍ സ്നേഹപൂർവം നല്‍കിയ സമ്മാനങ്ങളുംഅവിടം കൂടുതൽ മനോഹരമാക്കി മാറ്റിയിരിക്കുന്നു. സൗത്ത് ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രശസ്തരെല്ലാം കൈയൊപ്പുചാര്‍ത്തിയ തംബുരുവും തലയെടുപ്പോട് കൂടെ അവിടെയുണ്ട്. നോക്കി ഇരുന്ന് പോകാൻ പാകത്തിലുള്ള വസ്തുക്കൾ അവിടെയുണ്ടെങ്കിലും ഭിത്തിയിലെ ചിത്രങ്ങളില്‍ ആദ്യം കണ്ണ് പതിയുന്നത് മകള്‍ നന്ദനയുടെ നിഷ്കളങ്കമായി ചിരിക്കുന്ന ആ മുഖത്താണ്.

മകൾ നന്ദനയെക്കുറിച്ച് പറയുമ്പോഴെല്ലാം എപ്പോഴും പ്രസന്നമായി ഇരിക്കുന്ന ആ മുഖം വല്ലാതെ മങ്ങി പോവാറുണ്ട്. നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുവാനും, അതുപോലെ മാറി നിൽക്കുവാനും സംഗീതത്തിന് പലപ്പോഴും കഴിവുള്ളതായി തനിയ്ക്ക് തോന്നിയിട്ടുണ്ടെന്നാണ് ചിത്ര പറയുന്നത്. ചില പാട്ടുകൾ ഹൃദയത്തെ വല്ലാതെ സ്പർശിക്കുമെന്നും, ആഴത്തിൽ അവയ്ക്ക് നമ്മളെ സ്വാധീനിക്കാൻ കഴിവുണ്ടെന്നും താരം സൂചിപ്പിച്ചു. “എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ …” എന്ന പാട്ട് കുറേ നാളത്തേയ്ക്ക് താൻ പാടുകയോ, കേൾക്കുകയോ ചെയ്തിരുന്നില്ലെന്നും, മകൾ നന്ദനയുടെ ഇഷ്ട പാട്ടായിരുന്നു അതെന്നും പാട്ടിലെ ‘വാവേ’ എന്ന ഭാഗം അവളെ വിളിക്കുന്നതായിട്ടാണ് അവൾ കരുതിയിരുന്നതെന്നും, രാത്രിയേറെ വൈകി ഉണ്ടാകുന്ന സ്റ്റേജ് പരിപാടികളിലും നന്ദന ഈ പാട്ട് പാടുന്നത് വരെയും ഉണർന്ന് ഇരിക്കുമായിരുന്നെന്നും, പാട്ടിനുവേണ്ടി അവൾ കണ്ണുകൾ തുറന്ന് ഇരിക്കുമായിരുന്നെന്നും ആ പാട്ട് അവൾ അത്രമാത്രം സ്നേഹിച്ചിരുന്നതായും ആ പാട്ട് കഴിഞ്ഞാൽ പിന്നീട് അവൾ ഉറക്കത്തിലേയ്ക്ക് ചായുമായിരുന്നെന്നും, അങ്ങനെയാണ് അവൾ പോയപ്പോൾ ആ പാട്ട് ജീവിതത്തിൽ നിന്ന് പോലും കുറേക്കാലം മാറ്റി നിർത്തേണ്ട സാഹചര്യം വന്നതെന്ന് വേദനയോടെ ചിത്ര പറഞ്ഞു.

Articles You May Like

x