മലയാളത്തിൻ്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 60 -ാം പിറന്നാൾ; ആശംസകളുമായി കലാകേരളം

മലയാളികളുടെ കാതിൽ തേൻമഴയായി വന്നുതൊട്ട കെ എസ് ചിത്രയ്ക്ക് ഇന്ന് 60 -ാം പിറന്നാൾ. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ൽ ആകാശവാണിയിലൂടെയാണ് ചിത്രനാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സ്. എൺപതുകളോടെ ചിത്രഗീതങ്ങൾക്ക് ഇടവേളകളില്ലാതെയായി. മലയാളത്തിൻറെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി. തെലുങ്കിൽ സംഗീത സരസ്വതിയും, കന്നഡയിൽ ഗാനകോകിലയുമായി പലഭാഷങ്ങളിൽ പലരാഗങ്ങളിൽ ചിത്രസ്വരം നിറഞ്ഞു.

ചിത്രശബ്ദത്തിനൊപ്പം മൂളാതെ ഒരു ദിനം കടന്നു പോവുക മലയാളിക്ക് ഇന്ന് അസാധ്യം. കാതോരം പ്രണയവും വിരഹവും സന്തോഷവുമെല്ലാം ഭാവവൈവിധ്യങ്ങളായി പെയ്ത നാദധാര. സംഗീതാസ്വാദകരുടെ ഉള്ളുതൊട്ട ആ ആലാപന മികവിനെ ദേശവും രാജ്യവും ആദരിച്ചു.16 തവണയാണ് കേരള സർക്കാരിൻറെ മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്. 11 തവണ ആന്ധ്രപ്രദേശിൻറെ മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിൻറെയും മൂന്ന് തവണ കർണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിൻറെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.

1985 ലാണ് സംസ്ഥാന സർക്കാരിൻറെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങൾക്കായിരുന്നു പുരസ്കാരം. 1985 മുതൽ 1995 വരെ തുടർച്ചയായി കേരള സർക്കാരിൻറെ മികച്ച ഗായിക ചിത്രയായിരുന്നു. ഇതുവരെ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം. 1999, 2001, 2002, 2005, 2016 വർഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി.

നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും, ഒരു വടക്കൻ വീരഗാഥയിലെ കളരി വിളക്ക് തെളിഞ്ഞതാണോ, സവിദത്തിലെ മൌനസരോവരം, ദേവരാഗത്തിലെ ശശികല ചാർത്തിയ, വൈശാലിയിലെ ഇന്ദുപുഷ്പം, നന്ദനത്തിലെ കാർമുകിൽ വർണൻറെ, നോട്ടത്തിലെ മയങ്ങിപ്പോയി തുടങ്ങി ചിത്രയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പാട്ടുകളെല്ലാം ഒറ്റവാക്കിൽ ഓർമയിലെത്തും വിധം മലയാളികൾക്ക് പരിചിതമാണ്.
1988 ലാണ് തമിഴ്നാടിൻറെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വർണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ൽ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ൽ ബോംബെയിലെ കണ്ണാളനേ, 2004 ൽ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങൾക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു.

11 തവണയാണ് ആന്ധ്രപ്രദേശ് സർക്കാരിൻറെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കർണാടക, ഒഡീഷ, പശ്ചിമബംഗാൾ സർക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ വാനമ്പാടി തമിഴർക്ക് ചിന്നക്കുയിലാണ്. 1997 ൽ തമിഴ്നാട് സർക്കാർ പരമോന്നത പുരസ്കാരമായ കലൈമാമണി നൽകിയാണ് ചിത്രയെ ആദരിച്ചത്. 1985 ൽ ഇളയരാജയാണ് ചിത്രയെ തമിഴിൽ പരിചയപ്പെടുത്തുന്നത്. അക്കൊല്ലം ഇളയരാജയുടെ സംഗീതസംവിധാനത്തിൽ 11 ചിത്രങ്ങളിലാണ് ചിത്ര പാടിയത്. ഇളയരാജയെ കൂടാതെ എ ആർ റഹ്‌മാൻ, എം എസ് വിശ്വനാഥൻ, കീരവാണി, ഗംഗൈ അമരൻ, ഹംസലേഖ, എസ് പി വെങ്കിടേഷ്, ശങ്കർ-ഗണേഷ്, വിദ്യാസാഗർ, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകർക്ക് വേണ്ടി ചിത്ര പാടി. തമിഴ് സിനിമകൾക്ക് മാത്രമായി ചിത്ര പാടിയത് രണ്ടായിരത്തിലേറെ ഗാനങ്ങൾ.

ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്. സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് 6 തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.

1985 ൽ പുറത്തിറങ്ങിയ തമിഴ്ചിത്രം സിന്ധുഭൈരവിയിലൂടെ ദേശീയനേട്ടം സ്വന്തമാക്കിയതിന് തൊട്ടടുത്ത വർഷം ബോംബെ രവി ഈണം നൽകിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ മഞ്ഞൾപ്രസാദം എന്നു തുടങ്ങുന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ അവാർഡും ചിത്രയെ തേടിയെത്തി. 1988ൽ വൈശാലി എന്ന ചിത്രത്തിലെ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കി.

1996ൽ എ ആർ റഹ്മാൻ ഈണം നൽകിയ മിൻസാരക്കനവ് എന്ന ചിത്രത്തിനും 1997ൽ അനു മാലിക്ക് ഈണം നൽകിയ വിരാസത്ത് എന്ന ഹിന്ദി ചിത്രത്തിനും 2004ൽ ഭരദ്വാജ് ഈണം നൽകിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിനും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ഏറ്റവും കൂടുതൽ തവണ ദേശീയപുസ്കാരം നേടുന്ന പിന്നണി ഗായിക എന്ന നേട്ടം ചിത്ര സ്വന്തമാക്കി.

 

Articles You May Like

x