‘തങ്കലാൻ’ റിഹേഴ്സലിനിടെ നടൻ വിക്രമിന് പരിക്ക്, വാരിയെല്ലിന് ക്ഷതമേറ്റു, ചിത്രീകരണത്തിൽ നിന്നും വിട്ടു നിൽക്കും

മണിരത്നത്തിൻ്റെ പിഎസ് 2 എന്ന ചിത്രം വൻ വിജയകരമായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിലെ വിക്രമിന്‍റെ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌ക്രീനിൽ വിക്രം ചെയ്ത മാജിക്കിൽ അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. എന്നാൽ വിക്രം ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു വാർത്ത വന്നിരിക്കുകയാണ് ഇപ്പോൾ. ‘തങ്കലാൻ’ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെ താരത്തിന് പരിക്കുപറ്റി എന്നതാണ് ആ സംഭവം.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. ഈ ചിത്രത്തിൻ്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് ഇപ്പോൾ പരിക്കുപറ്റിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വാരിയെല്ലൊടിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിൻ്റെ വക്താവ് അറിയിച്ചു. പൂർണ ആരോ​ഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിക്രമിന്റെ പരിക്കിനേ തുടർന്ന് തങ്കലാൻ സിനിമാ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തമിഴ് പ്രഭയാണ് തിരക്കഥാ രചനയിലെ പങ്കാളി. അഴകിയ പെരിയവൻ സംഭാഷണവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അറിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Articles You May Like

x