‘രതി ഇനി ദിവാകാരന് സ്വന്തം’, : അമ്മയ്ക്ക് മകളുടെ ജീവിത സമ്മാനം, 59–ാം വയസിൽ അമ്മയുടെ സന്തോഷം വീണ്ടെടുത്തത് മകൾ

വളർത്തി വലുതാക്കി പൊന്നു പോലെ സംരക്ഷിച്ച് മക്കളുടെ എല്ലാ ഇഷ്ടങ്ങളെയും, ആഗ്രഹങ്ങളെയും പിന്തുണച്ച തൻ്റെ ജീവനായ അമ്മയ്ക്ക് 59–ാം വയസിൽ കല്ല്യാണപന്തലും, ജീവിത പങ്കാളിയെയും സമ്മാനിച്ച് മകൾ. കേൾക്കുന്നത് സിനിമകഥയോ, സാങ്കൽപ്പിക ചിന്തയോ ആണെന്ന് കരുതിയവർക്ക് പാടെ തെറ്റി. പറഞ്ഞു വരുന്നത് ഒരു മകൾക്ക് തൻ്റെ അമ്മയോടുള്ള സ്നേഹത്തിന്റെയും, കരുതലിൻ്റെയും നേർക്കാഴ്ചയാണ്. ജീവിതത്തിൽ തനിച്ചായി പോയ അമ്മയുടെ കൈപിടിച്ച് വിവാഹപന്തലിൽ വരന് കൈമാറിയപ്പോൾ അമ്മയ്ക്ക് മകൾ ഈ ഓണക്കാലത്ത് നൽകിയ ഏറ്റവും വലിയ സ്നേഹസമ്മാനം കൂടെയായിരുന്നു.

ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന രതി മേനോന്റെയും ഭാര്യ മരിച്ച് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ദിവാകരന്റെയും വിവാഹം ചിങ്ങം പിറന്ന ബുധനാഴ്ചയാണ് തിരുവമ്പാടി അമ്പലത്തിൽ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി നടന്നത്. തൃശൂർ ജില്ലയിലെ കോലഴി സ്വദേശിയാണ് രതി മേനോൻ.63 വയസ്സുകാരനായ ദിവാകരൻ കാർഷിക സർവകലാശാലയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. ഇരുവർക്കും 2 പെൺമക്കളാണുള്ളത്. മക്കളുടെയെല്ലാം വിവാഹം കഴിയുകയും പങ്കാളികൾ മരിക്കുകയും ചെയ്തതോടെ ദീർഘനാളായിഏകാന്തതയെ പ്രണയിച്ച് കഴിയുന്ന രണ്ട് പേർക്കാണ് പുനർജീവിതം ലഭിച്ചത്. അരികിൽ മക്കളിലില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയുടെ ബുദ്ധിമുട്ടും, വേദനയും മനസിലാക്കിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും, അങ്ങെനയാണ് പരസ്പരം വിവാഹം കഴിപ്പിക്കാമെന്ന ചിന്തയിലേയ്ക്ക് കടന്നതെന്നും മകൾ പ്രസീത കൂട്ടിച്ചേർത്തു.

‘മക്കളായ തങ്ങൾ കുടുംബസമേതം കഴിയുമ്പോൾ അമ്മ അകലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന സങ്കടം സഹിക്കാൻ വയ്യാതായെന്നും, ജോലിയും കുടുംബവുമുള്ളതിനാൽ അമ്മയുടെ കൂടെ വന്നു താമസിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും, അമ്മയ്ക്കൊരു കൂട്ടുവേണമെന്ന് മനസ് പറഞ്ഞതായും ഭർത്താവും, ബന്ധുക്കളും നൽകിയ പിന്തുണയായും, സഹകരണവുമാണ് തനിയ്ക്ക് ആശ്വാസമായതെന്നും പ്രസീത സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായ വിവാഹമായിരുന്നു ദിവാകരന്റേതും, രതി മേനോന്റേതും. നിരവധി ആളുകളാണ് ഇരുവരെയും പിന്തുണച്ചും, അഭിനന്ദിച്ചും രംഗത്തെത്തിയത്. നല്ല തീരുമാനമാണെന്നും, സന്തോഷത്തോടെയും, സമാധാനത്തോടെയും ഇനിയുള്ള കാലം രണ്ട് പേർക്കും ജീവിക്കാൻ കഴിയട്ടെയെന്നുമാണ് ആശംസകൾ നിറയുന്നത്. മാതാപിതാക്കളെ സ്നേഹിക്കുകയും, അവരോടുള്ള കരുതലി ൻ്റെ ഭാഗമായി ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ട മകൾക്കും ഒരു ബിഗ് സല്യൂട്ട് എന്നാണ് പറയുന്നത്.

വീട്ടുകാരും, ബന്ധുക്കളും, അടുത്ത സുഹൃത്തുക്കളും കല്ല്യാണത്തിൽ ഒപ്പം ചേർന്നു. ദിവാകരന്റെ മക്കൾക്കും സമ്മതമായതോടെ വിവാഹത്തിന് വളരെ വേഗത്തിൽ കാര്യങ്ങൾ നീങ്ങുകയായിരുന്നു . മക്കളുടെ വിവാഹം കഴിഞ്ഞാൽ പിന്നെ അവർ കുടുംബവും, ജോലിയും, തിരക്കുമൊക്കെയായി മാറുമ്പോൾ ഒറ്റപ്പെട്ട് പോകുന്ന മാതാപിതാക്കൾ നമ്മുക്ക് ചുറ്റും നിരവധിയുണ്ടെന്നും, അവരുടെ ഇഷ്ടങ്ങളും, താൽപര്യങ്ങളും മനസിലാക്കി വിവാഹം കഴിപ്പിച്ച് കഴിഞ്ഞാൽ അവർക്ക് അതൊരു സമാധാനവും, ആശ്വാസവും ആകുമെന്നും മകൾ പ്രസീത വ്യക്തമാക്കുന്നു. ആരും ഇല്ലാതായി പോകുന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്ക് ഏറെ സമാധാനവും, സന്തോഷവും നൽകുന്ന പുതിയൊരു ജീവിതത്തിൻ്റെ മാതൃക തീർത്ത പ്രസീതയെപോലുള്ളവർ നമ്മുക്കിടയിൽ ഒരു മാതൃകയാവുകയാണ്.

KERALA FOX

Articles You May Like

x