4 സെക്കന്റിൽ ഉദ്യോഗസ്ഥന്റെ പക , നിഷ എന്ന യുവതിക്ക് നഷ്ടമായത് ജോലി എന്ന സ്വപ്നം

ഒരു സർക്കാർ ജോലി ലഭിക്കുകയെന്നത് ഒരു വ്യക്തിയുടെ വലിയ സ്വപ്നമായിരിക്കും. ചിലർ തങ്ങളുടെ ജീവിതം തന്നെ അതിനുവേണ്ടി ഉഴിഞ്ഞു വയ്ക്കാറുണ്ട്. മറ്റു ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ പി എസ് സി യിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആ ജീവിതസ്വപ്നം നേടിയെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ കൊല്ലത്ത് നിന്നും വളരെ വലിയൊരു ക്രൂരതയുടെ കഥയാണ് പുറത്തു വരുന്നത്. വൈകിട്ട് അഞ്ചിന് അടയ്ക്കുന്ന സർക്കാർ ഓഫീസിൽ നിന്നും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർദ്ധരാത്രിയിൽ ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ ആ ഉദ്യോഗസ്ഥന്റെ ക്രൂര മനസ്സ് ഒരു നിമിഷം ആ പെൺകുട്ടിയുടെ ജീവിത സ്വപ്നത്തെക്കുറിച്ച് ചിന്തിച്ചില്ല. 37 കാരിയായ നിഷയുടെ ജീവിത സ്വപ്നങ്ങൾ അവിടെ നിശ്ചലമാവുകയായിരുന്നു. കൊല്ലം ചവറ സ്വദേശിനിയായ നിഷ എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലർക്ക് റാങ്ക് പട്ടികയിൽ 696 ആം റാങ്കുകാരി ആയിരുന്നു. നിഷ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിപ്പിച്ചത് ആയിരുന്നു നിയമനത്തിന്റെ വേഗം വർധിപ്പിച്ചത്.

എന്നാൽ ഉദ്യോഗാർത്ഥികളുടെ ഈ ആവേശം തലസ്ഥാനത്തെ നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല എന്നതാണ് സത്യം. റാങ്ക് പട്ടികയിൽ നിഷയുടെ ഊഴം എത്തിയപ്പോഴാണ് ആ ഉദ്യോഗസ്ഥൻ ഇഷ്ടക്കേടിനുള്ള പക തീർത്ത് ഒരു മറുപടിയായി കൊടുത്തത്. കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഉണ്ടായിരുന്ന നിഷയും സുഹൃത്തുക്കളും കയറിയിറങ്ങി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ മൂന്നുദിവസം ബാക്കിനിൽക്കെ നഗര ഡയറക്ടറുടെ ഓഫീസിലേക്ക് 2018 മാർച്ച് 28 റിപ്പോർട്ട് ചെയ്യിപ്പിച്ചു. ഒപ്പം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പിഎസ്സി അറിയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. 29ന് 30 നും പൊതു അവധി ദിനങ്ങൾ. 31ന് വൈകുന്നേരത്തിനു മുൻപങ്കിലും റിപ്പോർട്ട് ചെയ്യണം എന്ന് അപേക്ഷിച്ചു പലതവണ ആയിരുന്നു നിഷ ഉദ്യോഗസ്ഥനെ വിളിച്ചിരുന്നത്.

എന്നാൽ ഉദ്യോഗസ്ഥൻ ആവട്ടെ വളരെ ക്രൂരതയോടെ എറണാകുളം ജില്ലാ പിഎസ്സി ഓഫീസർക്ക് ഒഴിവ് റിപ്പോർട്ട് ചെയ്തത് 31ന് അർദ്ധരാത്രി കൃത്യം 12:00 ന്. പിഎസ്‌സി ഓഫീസിൽ മെയിൽ ലഭിച്ചത് 12 പിന്നിട്ട് നാലു സെക്കൻഡുകൾക്ക് ശേഷമാണ്. പട്ടികയുടെ കാലാവധി അർദ്ധരാത്രി പന്ത്രണ്ടിന് അവസാനിച്ചുവെന്ന് പറഞ്ഞ് പിഎസ്സി നിയമനം നിഷേധിക്കുകയും ചെയ്തു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് ചൂണ്ടേക്കാട്ടി കോടതിയും ഇതിൽ ഇടപെട്ടില്ല. ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പ്രായം തടസ്സമായ നിഷ ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകി കാത്തിരിക്കുകയാണ്. അഞ്ചുമണിക്ക് അടയ്ക്കുന്ന ഓഫീസിൽ നിന്നും അർദ്ധരാത്രിയിൽ 12ന് ഒരു ഒഴിവ് റിപ്പോർട്ട് ചെയ്യാനുള്ള കാരണം ഇതുവരെ ആരും ഉദ്യോഗസ്ഥനോട് തിരക്കിയിട്ടില്ല.

KERALA FOX
x